പത്തനംതിട്ട: ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് സ്കൂള്‍ പഠനത്തിന്റെ ഭാഗമായി നോട്സും മറ്റ് പഠന കാര്യങ്ങളും വാട്സ്ആപ് പോലെയുള്ള സാമൂഹ്യ മാധ്യമങ്ങളിലൂടെ നല്‍കുന്നത് വിലക്കിക്കൊണ്ടുള്ള ഉത്തരവ് നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാന്‍ നിര്‍ദേശം.
കഴിഞ്ഞ സെപ്റ്റംബര്‍ 23ന് ഹയര്‍ സെക്കന്‍ഡറി വകുപ്പ് പുറത്തിറക്കിയ ഉത്തരവിലാണ് വാട്സ്ആപ്പിലൂടെ പഠനം നിരോധിച്ചത്. സംസ്ഥാന ബാലാവകാശ കമ്മീഷന്റെ നിര്‍ദേശത്തേ തുടര്‍ന്നാണ് ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പ് ഇതില്‍ ഇടപെട്ടത്.
പത്തനംതിട്ടയില്‍നിന്ന് ഒരു കൂട്ടം രക്ഷിതാക്കള്‍ നല്കിയ പരാതിയില്‍ ബാലാവകാശക്കമ്മീ ഷന് അന്വേഷണം നടത്തി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ വകുപ്പിനു നിര്‍ദേശം നല്‍കിയത്. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ എല്ലാ റീജിയണല്‍ ഡയറക്ടര്‍മാര്‍ക്കും സ്കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്കും ഇതു സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് സര്‍ക്കുലര്‍ നല്‍കിയിരുന്നു.
കോവിഡിനെ തുടര്‍ന്ന് വിദ്യാഭ്യാസം മുടങ്ങാതിരിക്കാന്‍ ഓണ്‍ലൈന്‍ പഠനത്തെ പ്രോത്സാഹിപ്പിച്ചിരുന്നു. എന്നാല്‍ ഓണ്‍ലൈന്‍ ക്ലാസുകളെ പലയിടത്തും ഇപ്പോഴും പ്രോത്സാഹിപ്പിക്കുന്ന പ്രവണത കണ്ടുവന്നിരുന്നു. ഇത് മൊബൈല്‍ ഫോണ്‍ ദുരുപയോഗത്തിലേക്കു നയിക്കുന്നുണ്ടെന്ന് കമ്മീഷന് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.