പത്തനംതിട്ടയില്‍ യുവതിയെ കൊലപ്പെടുത്തിയ യുവാവ് പിടിയില്‍. റാന്നി കീക്കൊഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടി കൊലപ്പെടുത്തി അതുല്‍ സത്യനാണ് പോലീസിന്റെ പിടിയിലായത്.
12 മണിക്കൂര്‍ നീണ്ട അന്വേഷണത്തിനു ശേഷം റാന്നിയിലെ പുതുശേരി മലയിലെ ആളൊഴിഞ്ഞ വീട്ടില്‍ നിന്നും ഇന്ന് രാവിലെയോടെയാണ് പ്രതിയെ റാന്നി പോലീസ് കസ്റ്റഡിയില്‍ എടുത്തത്.
ആക്രമണത്തില്‍ പ്രതിക്ക് സാരമായ പരിക്കേറ്റിരുന്നു. കസ്റ്റഡിയില്‍ എടുത്ത പ്രതിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി 8.30ഓടെയാണ് ഒപ്പം താമസിച്ചിരുന്ന രഞ്ജിതയെ ഇയാള്‍ വീട്ടില്‍ കയറി വാള് കൊണ്ട് വെട്ടികൊലപ്പെടുത്തിയത്.
സംഭവ ശേഷം അതുല്‍ ഇവിടെ നിന്നു കടന്നുകളഞ്ഞു. ഇയാളുടെ രക്തം പുരണ്ട ഷര്‍ട്ട് വീടിനു ഒന്നര കിലോ മീറ്റര്‍ അകലെ നിന്നും പൊലീസിന് ലഭിച്ചിരുന്നു.
തലയ്ക്കും കഴുത്തിനും വെട്ടേറ്റ യുവതി സംഭവ സ്ഥലത്തു വെച്ച് തന്നെ മരിച്ചു. ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെ രഞ്ജിതയുടെ അച്ഛന് വിഎ രാജു (60), അമ്മ ഗീത (51), സഹോദരി അമൃത (18) എന്നിവര്‍ക്കും വെട്ടേറ്റു.
രാജുവിന്റെ നില ഗുരുതരമാണ്. മൂവരും റാന്നി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
ശനിയാഴ്ച രഞ്ജിത അതുലിനെതിരെ റാന്നി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നു പോലീസ് പറയുന്നു.
കാപ്പാ കേസില്‍ ഉള്‍പ്പെട്ട അതുല്‍ കൊലപാതകം, കഞ്ചാവ് കടത്ത് കേസുകളിലും പ്രതിയാണ്. ഒരാഴ്ച മുന്‍പ് അതുല്‍ രഞ്ജിതയെ പത്തനാപുരത്തുള്ള റബര്‍ തോട്ടത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി കഴുത്തില്‍ കത്തി വച്ച് ഭീഷണിപ്പെടുത്തിയിരുന്നു.
ഇതിന്റെ വീഡിയോയും എടുത്തിരുന്നു. മകളെ കൊല്ലുമെന്ന് അമ്മ ഗീതയേയും ഇയാള്‍ ഭീഷണിപ്പെടുത്തിയതായി ബന്ധുക്കള്‍ ആരോപിച്ചു.