സോഫ്‌റ്റ്‌വെയർ എഞ്ചിനീയറായ യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹൈദരാബാദിലെ കോരുത്‌ല ടൗണിലാണ് സംഭവം. ഹൈദരാബാദിലെ ഒരു മൾട്ടിനാഷണൽ കമ്പനിയിലാണ് യുവതി ജോലി ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ വീട്ടിലിരുന്ന് ജോലി ചെയ്യുകയായിരുന്നു.
ചൊവ്വാഴ്ചയാണ് യുവതിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. സംഭവം നടന്ന ദിവസം ഇവരുടെ ഇളയ സഹോദരി ഒരു പുരുഷനോടൊപ്പം വീട് വിട്ടുപോയതായി സിസിടിവി ദൃശ്യങ്ങളിലുണ്ടെന്നും പോലീസ് വ്യക്തമാക്കി.
യുവതിയുടെ മാതാപിതാക്കളുടെ പരാതിയിൽ വീട്ടിൽ നിന്ന് സ്വർണാഭരണങ്ങളും രണ്ട് ലക്ഷം രൂപയും നഷ്ടപ്പെട്ടതായി പോലീസ് പറഞ്ഞു. ഹൈദരാബാദിൽ പരിപാടികളിൽ പങ്കെടുക്കാനെത്തിയ മാതാപിതാക്കൾ തിങ്കളാഴ്ച ഫോണിൽ സംസാരിച്ചിരുന്നുവെങ്കിലും ചൊവ്വാഴ്ച യുവതിയിൽ നിന്ന് പ്രതികരണമൊന്നും ലഭിക്കാത്തതിനെ തുടർന്ന് പരിശോധിക്കാൻ അയൽവാസികളോട് ആവശ്യപ്പെട്ടിരുന്നു.
തുടർന്ന് അയൽവാസികൾ പരിശോധിച്ചപ്പോഴാണ് മുറിയിലെ സോഫയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയതിത്. തുടർന്ന് അവർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
വീട്ടിൽ നിന്ന് മദ്യക്കുപ്പികൾ കണ്ടെടുത്തതായും യുവതിയുടെ ശരീരത്തിൽ അടിപിടിയുടെ പാടുകളുണ്ടെന്ന് സംശയിക്കുന്നതായും പോലീസ് കൂട്ടിച്ചേർത്തു.
എന്നാൽ യുവതിയുടെ സംശയാസ്പദമായ മരണത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും, ഫോറൻസിക് റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം വ്യക്തമാകൂ എന്നും പോലീസ് പറഞ്ഞു.