ചൈനയില്‍ കമ്യൂണിസ്റ്റ് ഭരണത്തിന് താഴ് വീണുവോ ? കഴിഞ്ഞ ഏതാനും മണിക്കൂറായി ലോകം ചോദിക്കുന്ന ചോദ്യമാണിത്.
ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിനെ അട്ടിമറിയിലൂടെ പുറത്താക്കിയെന്നും അദ്ദേഹം ഇപ്പോള്‍ വീട്ടുതടങ്കലിലാണെന്നുമുള്ള അഭ്യൂഹങ്ങളാണ് ലോകമാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലുമെല്ലാം പ്രചരിച്ചു കൊണ്ടിരിക്കുന്നത്.
ചൈനീസ് സൈന്യമായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ (പിഎല്‍എ) തലപ്പത്തുനിന്ന് ഷിയെ മാറ്റുകയും തുടര്‍ന്ന് വീട്ടുതടങ്കലിലാക്കിയതായുമാണ് അഭ്യൂഹം.
ഉസ്ബെക്കിസ്ഥാനിലെ ഷാങ്ഹായ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഷി പോയിരുന്നു. രാജ്യത്തിന് പുറത്തുപോകുന്ന ആളുകളെ നിര്‍ബന്ധിത ക്വാറന്റീനു വിധേയരാക്കുന്ന ‘സീറോ കോവിഡ് പോളിസി’യുടെ ഭാഗമായി പ്രസിഡന്റ് മാറിനില്‍ക്കുകയാണെന്നാണ് സര്‍ക്കാര്‍ അനുകൂലികള്‍ പറയുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിന്, പാക്കിസ്ഥാന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് തുടങ്ങിയ നേതാക്കളും യോഗത്തില്‍ പങ്കെടുത്തിരുന്നു. വിഷയത്തില്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയോ ഔദ്യോഗിക മാധ്യമത്തിന്റെയോ വിശദീകരണം പുറത്തു വന്നിട്ടില്ല.
എന്നാല്‍ ഇത് കിംവദന്തികള്‍ മാത്രമാണെന്നാണ് ചില വെബ്സൈറ്റുകള്‍ പറയുന്നത്. എഴുത്തുകാരന് ഗോര്‍ഡന്‍ ജി ചാങ് ട്വിറ്ററില്‍ പങ്കുവച്ച വിഡിയോയില്‍ സൈനിക വാഹനങ്ങള്‍ ബെയ്ജിങ്ങില്‍നിന്ന് 80 കിലോമീറ്റര്‍ അകലെയുള്ള സാങ്ജാകുവിലേക്ക് പോകുന്നതായി കാണാം. സെപ്റ്റംബര്‍ 22ന് നടന്ന സംഭവമാണിത്.
ഇതുവച്ചു നോക്കുമ്പോള്‍ ഷി വീട്ടുതടങ്കലില്‍ ആണെന്നത് വെറും കിംവദന്തി മാത്രമാണെന്ന് പറയുന്നു. പ്രസിഡന്റ് ക്വാറന്റീനിലായിക്കുമെന്നാണു ചൈനീസ് വിദഗ്ധന്‍ ആദില്‍ ബ്രാര്‍ പറയുന്നത്. അതേസമയം കിംവദന്തികള്‍ പരിശോധിക്കേണ്ടതുണ്ടെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി ചൂണ്ടിക്കാട്ടി.
ഷാങ്ഹായ് സഹകരണ ഉച്ചകോടിയുടെ ഔദ്യോഗിക സമാപനത്തിന് കാത്തുനില്‍ക്കാതെയാണ് സമര്‍ഖണ്ഡില്‍ നിന്ന് ഷി മടങ്ങിയത്.
ഇതിനുപിന്നാലെ ആറായിരത്തിലേറെ വിമാന സര്‍വീസുകള്‍ ചൈന മുന്നറിയിപ്പില്ലാതെ റദ്ദാക്കിയെന്ന അഭ്യൂഹം പരന്നു. ബെയ്ജിങ്ങിലേക്ക് വരുന്നതും അവിടെനിന്നു പോകുന്നതുമായ സര്‍വീസുകള്‍ ഇതില്‍ ഉള്‍പ്പെടും.
നഗരത്തില്‍ ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. വിമാന സര്‍വീസ് റദ്ദാക്കിയതിനു പിന്നാലെയാണ് ഷി വീട്ടുതടങ്കലിലാണെന്ന അഭ്യൂഹം ശക്തമായത്.
ഒക്ടോബര്‍ 16ന് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 20-ാം നാഷണല്‍ കോണ്‍ഗ്രസ് നടക്കാനിരിക്കെയാണ് ഇത്തരമൊരു അഭ്യൂഹം പുറത്തു വന്നതെന്നത് ശ്രദ്ധേയമാണ്.
പാര്‍ട്ടി കോണ്‍ഗ്രസില്‍ ഷിയെ വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാല്‍ ഇത്തരമൊരു അഭ്യൂഹം പുറത്തു വന്നതുമുതല്‍ ലോകരാജ്യങ്ങളെല്ലാം ആകാംക്ഷയിലാണ്.
അഭ്യൂഹങ്ങള്‍ ശരിവയ്ക്കുന്ന വിവരങ്ങളാണ് അടുത്ത മണിക്കൂറുകളില്‍ പുറത്തു വരുന്നതെങ്കില്‍ അത് ലോകരാഷ്ട്രീയത്തിന്റെ ഭാഗദേയം തന്നെ നിര്‍ണയിക്കാന്‍ പോന്നതായിരിക്കുമെന്ന് തീര്‍ച്ചയാണ്.