കൊച്ചി: ഇടപ്പള്ളിയിലെ ഹോട്ടലില്‍ ഒപ്പം താമസിച്ചിരുന്ന യുവാവിന്റെ മർദനമേറ്റ് യുവതി മരിച്ച സംഭവത്തില്‍ കൊലയിലേക്ക് നയിച്ചത് യുവതിയുടെ വാഗ്ദാന ലംഘനമെന്നു പോലീസ്. പാലക്കാട് തിരുനെല്ലായി ചിറ്റിലപ്പിള്ളിയില്‍ ലിന്‍സി(26)യാണ് കൊല്ലപ്പെട്ടത്.
കേസുമായി ബന്ധപ്പെട്ട് തൃശൂര്‍ വാടാനപ്പള്ളി അരക്കവീട്ടില് ജെസില്‍ (36) നെയാണ് എളമക്കര പോലീസ് ഇന്‍സ്പെക്ടര്‍ സനീഷിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. പ്രതിയും മരിച്ച യുവതിയും ഒരുമിച്ചു താമസിച്ചു വരുകയായിരുന്നു.
യുവതി ജെസിലിനെ കാനഡയില്‍ കൊണ്ട് പോകാമെന്നും പ്രതിയുടെ കട ബാധ്യതകള്‍ തീര്‍ത്തു തരാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ചിട്ടാണ് ഇടപ്പള്ളിയിലെ ഹോട്ടലില്‍ മുറിയെടുത്തത്.
പിന്നീട് യുവതി അതില്‍നിന്ന് പിന്മാറുകയായിരുന്നുവെന്നാണ് പോലീസ് നല്കുന്ന വിവരം. ഇതിന്റെ പേരില്‍ ഇരുവരും വാക്കേറ്റമുണ്ടാകുകയും യുവതിയെ പ്രതി ക്രൂരമായി മര്‍ദിക്കുകയും ചെയ്തു.
മര്‍ദനത്തില്‍ താഴെ വീണ യുവതി അബോധാവസ്ഥയിലായതോടെ ഇയാള്‍ യുവതിയുടെ വീട്ടുകാരെ വിളിച്ച് ബാത്ത്റൂമില്‍ വീണ് ബോധമില്ലെന്ന് അറിയിക്കുകയായിരുന്നു.
വീട്ടുകാരെത്തിയാണ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും യുവതി മരിച്ചിരുന്നു. തലയ്ക്ക് ഏറ്റ ക്ഷേതം ആണ് മരണകാരണം.
ജെസില്‍ വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവുമാണ്. കൊല്ലപ്പെട്ട യുവതിയും ഇയാളും ഏറെക്കാലം ബംഗളൂരുവില്‍ ലിവിംഗ് ടുഗതറായി കഴിയുകയായിരുന്നു.