തോമസ് വര്‍ഗീസ്
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞടുപ്പ് ആരംഭിച്ച് ഇതുവരെ അംഗത്വമെടുത്തത് 6.79 ലക്ഷം പേർ. കഴിഞ്ഞ മാസം 28ന് ആരംഭിച്ച മെമ്പര്‍ഷിപ്പ് കാമ്പയിനും വോട്ടെടുപ്പും ഈ മാസം 28ന് പൂര്‍ത്തിയാക്കേണ്ടതായിരുന്നു.
എന്നാല്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വേര്‍പാടിനെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ച്ചയായി മെമ്പര്‍ഷിപ്പ് ചേര്‍ക്കല്‍ നിര്‍ത്തിവെച്ചിരിക്കയാണ്.
ഈ മാസം 30 മുതല്‍ ഓഗസ്റ്റ് 11 വരെ വീണ്ടും മെമ്പര്‍ഷിപ്പ് കാമ്പയിനും വോട്ടെടുപ്പും നടത്താന്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വം നിര്‍ദേശം നല്കി. പ്രാഥമിക അംഗത്വമെടുക്കുന്നതിന് 50 രൂപയാണ് ഒരാളില്‍ നിന്നും ഈടാക്കുന്നത്.
ഇത്തരത്തില്‍ നിലവില്‍ മെമ്പര്‍ഷിപ്പ് ചേര്‍ത്തത് 679142 പേരെയാണ്. ഇതിലൂടെ 33,987,100 രൂപയാണ് ദേശീയ നേതൃത്വത്തിന് ലഭിക്കുന്നത്.
കൂടാതെ മണ്ഡലം പ്രസിഡന്റ് മുതല്‍ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വരെ മത്സരിക്കുന്നവരില്‍ നിന്ന് 150 രൂപ മുതല്‍ 7500 രൂപവരെയാണ് നോമിനേഷന് ഫീസായി വാങ്ങുന്നത. ഇതിലൂടെയും ലക്ഷക്കണക്കിനു രൂപ ലഭിക്കും.
സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് നിലവില്‍ 13 പേരാണ് മത്സരരംഗത്തുള്ളത്. എ ഗ്രൂപ്പില്‍ നിന്നും രാഹുല്‍ മാങ്കൂട്ടവും ഐഗ്രൂപ്പില്‍ നിന്ന് അഡ്വ. അബിന്‍ വര്‍ക്കിയുമാണ് പ്രധാന സ്ഥാനാര്‍ഥികൾ. ഏറ്റവും കൂടുതല്‍ വോട്ട് ലഭിക്കുന്ന ആള് പ്രസിഡന്റും തുടര്‍ന്നുള്ള എട്ടുപേര്‍ വൈസ് പ്രസിഡന്റുമാരുമാകും.
വൈസ് പ്രസിഡന്റുമാരില്‍ വനിതാ സംവരണം ഉള്‍പ്പെടെയുള്ളവരും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് 205 പേരാണ് മത്സര രംഗത്തുള്ളത്.
ഇതില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടുന്ന 45 പേരെയാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുക്കുന്നത്.ജില്ലാ പ്രസിഡന്റുമാര്‍ക്കായുള്ള തെരഞ്ഞെടുപ്പില്‍ ചില ജില്ലകളില്‍ 20 ലധികം പേര് മത്സര രംഗത്തുണ്ട്.
കൊല്ലത്തും മലപ്പുറത്തും 24 പേര് വീതമാണു മാറ്റുരയ്ക്കുന്നത്. എറണാകുളത്ത് 19 പേരാണ് മത്സരംഗത്തുള്ളത്. ആലപ്പുഴയിലും ഇടുക്കിയിലും കോട്ടയത്തും 12 വീതവും കണ്ണൂര്‍-16, കാസര്‍ഗോഡ്-10 എന്നിങ്ങനെയുമാണ് പ്രസിഡന്റ് പദവിയിലെക്ക് മത്സരിക്കുന്നവരുടെ എണ്ണം.
കോഴിക്കോട്-18, പാലക്കാട്-എട്ട്, പത്തനംതിട്ട-17, തൃശൂര്‍-15, തിരുവനന്തപുരം-19, വയനാട്-എട്ട് എന്നിങ്ങനെയാണ് വിവിധ ജില്ലകളില്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നവരുടെ എണ്ണം. ഗ്രൂപ്പ് തിരിഞ്ഞ് മെമ്പര്‍ഷിപ്പ് ചേര്‍ക്കല്‍ കൂടുതല്‍ ശക്തമായതോടെ വരും ദിവസങ്ങളില്‍ പോരാട്ടം കൂടുതല്‍ ശക്തമാകും.