ന്യൂഡൽഹി: യൂട്യൂബിൽ ആറുലക്ഷം സബ്സ്ക്രൈബേഴ്സുള്ള ഭോജ്പുരി യൂട്യൂബർ മാൾതി ദേവിയെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആരോപണവുമായി അച്ഛൻ രംഗത്ത്.
സ്ത്രീധനം ആവശ്യപ്പെട്ട് മകളെ ഭതൃവീട്ടുകാർ കൊലപ്പെടുത്തിയതാണെന്ന് അച്ഛൻ ദീപ് ചന്ദ് ചൗഹാൻ ആരോപിച്ചു. പോലീസിന് അദ്ദേഹം പരാതിയും നൽകി. ഇന്നലെ സന്ത് കബീർ നഗറിലെ വീട്ടിലാണ് മാൾതി ദേവിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
“മാൾട്ടി ചൗഹാൻ ഫൺ’ എന്ന യുട്യൂബ് ചാനലിലൂടെയാണ് മാൾതി ദേവി പ്രശസ്തയായത്. ചാനലിൽ 24,000ത്തിലധികം വീഡിയോകൾ അപ്ലോഡ് ചെയ്തിട്ടുണ്ട്.
അടുത്തിടെ തന്റെ ചില വീഡിയോകളിൽ ഭർത്താവ് വിഷ്ണു സ്ഥിരമായി മർദിക്കുന്നുണ്ടെന്നും അദ്ദേഹത്തിന്റെ മാതാപിതാക്കൾ സ്ത്രീധനം ആവശ്യപ്പെടുന്നുണ്ടെന്നും ഇവർ ആരോപിച്ചിരുന്നു. മാൽതി ദേവിയുടെ ഭർത്താവ് വിഷ്ണു കുമാറിനും അദ്ദേഹത്തിന്റെ മൂന്ന് ബന്ധുക്കൾക്കുമെതിരേ മഹുലി പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു.